2013, ഏപ്രിൽ 20, ശനിയാഴ്‌ച

ബ്രഹ്മി

ബ്രഹ്മി


ശാസ്ത്ര നാമം : bacopa monnieri
രസം :കഷായം, തിക്തം
ഗുണം :ലഘു, തീക്ഷ്ണം
വീര്യം :ശീതം
വിപാകം :മധുരം
പ്രഭാവം  :മേധ്യം

ബുദ്ധി വർധിക്കാൻ ഉള്ള ഔഷധം  എന്നാ നിലയിൽ പ്രസിദ്ധമാണ് ഈ സസ്യം . ഈർപ്പമുള്ള സ്ഥലങ്ങളിൽ വളരുന്ന , വിളർത്ത നീല അഥവാ വെള്ള നിറത്തോട് കൂടിയ പൂക്കൾ ഉള്ള ചെടിയാണ് ഇത് . നമ്മുടെ നാട്ടിൽ കുടങ്ങൽ ( മുത്തിൾ ) എന്നാ ഔഷധ സസ്യവും ബ്രഹ്മി എന്നാ പേരില് പരാമർശിക്കപ്പെട്ടു കാണാറുണ്ട് . കുടങ്ങലിനെ സ്ഥല ബ്രഹ്മി എന്നും  നമ്മളിവിടെ വിവക്ഷിക്കുന്ന ബ്രഹ്മി ജല ബ്രഹ്മി എന്നും വേറൊരു അഭിപ്രായവും വിദഗ്ധർ പറഞ്ഞു കേട്ടിട്ടുണ്ട് . എന്തായാലും ഈ രണ്ടു സസ്യങ്ങളും ബുദ്ധി വർധനവിനു  ഉള്ള കഴിവിന്റെ പേരില് തന്നെ ആണ് പ്രസിദ്ധം .

ഔഷധ മൂല്യം : സമൂലം ഔഷധ ഗുണമുള്ളതാണ് . ബുദ്ധിയും ഓർമ  ശക്തിയും വര്ദ്ധിപ്പിക്കുന്നു . നാഡീ രോഗങ്ങള്ക്കും ഫലപ്രദമാണ് . ഹൃദയ പ്രവര്ത്തനത്തെ ഊര്ജസ്വലമാക്കുന്നു .

നാട്ടറിവുകൾ : പത്തു മില്ലി ബ്രഹ്മി നീര് തേൻ ചേർത്ത് ദിവസവും രാവിലെ കുട്ടികൾക്ക് കൊടുക്കുന്നത് ബുദ്ധി ശക്തിക്കും ഓര്മ ശക്തിക്കും വളരെ നല്ലതാണ് .

ബ്രഹ്മി അരച്ച് പാലിൽ ചേർത്ത് ദിവസവും കഴിക്കുന്നത്‌ അപസ്മാരം , ഉന്മാദം എന്നിവയ്ക്ക് ഔഷധമാണ് .

ശിശുക്കൾക്ക് ശോധന ശരിയായ വിധത്തിൽ  ഇല്ലെങ്കിൽ ബ്രഹ്മി നീര് കൊടുക്കാറുണ്ട് .
ബ്രഹ്മി നീരും വെളിച്ചെണ്ണയും സമം ചേർത്ത് കാച്ചിയെടുക്കുന്ന എന്നാ തലമുടി നന്നായി വളരാൻ ഉത്തമമാണ് .

അധിക അളവിൽ ബ്രഹ്മി കഴിക്കുന്നത്‌ വയറിളക്കും .

ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീര് രാവിലെയും വൈകീട്ടും കഴിക്കുന്നത്‌ വിക്ക് മാറാൻ സഹായകമാണ് .

ഫോട്ടോ കടപ്പാട് : വികി പീഡിയ 


2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

കറിവേപ്പ്

കറിവേപ്പ്



ശാസ്ത്ര നാമം :Murraya koenigii sprenge

മലയാളിക്ക്   കറിവേപ്പ്  പരിചയപ്പെടുത്തേണ്ട ആവശ്യമില്ല .   പക്ഷെ അതിന്റെ   ഗുണവശങ്ങൾ      നമ്മൾ " കറിവേപ്പില പോലെ കളയുന്നുണ്ട് " എന്ന് തോന്നുന്നു . പോഷക സമൃദ്ധവും ഔഷധഗുണങ്ങൾ നിറഞ്ഞതുമായ ഈ ചെറുവൃക്ഷം ഭക്ഷ്യ വസ്തുക്കളിലെ  വിഷാംശം   ദൂരീകരിക്കാനും   രുചി  വർധിപ്പിക്കാനും ഉത്തമമാണ് .  കൂടുതൽ വിശദമായി   നമുക്ക് കറിവേപ്പിലയെ പരിചയപ്പെടാം .

രസം :കടു, തിക്തം, മധുരം
ഗുണം :രൂക്ഷം, ഗുരു
വീര്യം :ഉഷ്ണം
വിപാകം :കടു

ഔഷധ യോഗ്യ ഭാഗങ്ങൾ  ഇല , തോല് , വേര് എന്നിവയാണ് . അന്നജം , പ്രോടീൻ , ജീവകം എ , ജീവകം ബി 2 , ജീവകം ബി 3 , ജീവകം സി , കാൽഷ്യം , ഇരുമ്പ് എന്നിവ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു . ജീവകം എ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ നേത്ര രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമം ആണ് ഈ സസ്യം .

നാട്ടറിവുകൾ :

വിഷ ജന്തുക്കൾ കടിച്ചാൽ കറിവേപ്പില പാലിലിട്ടു വേവിച്ചു അരച്ചെടുത്ത് വിഷ ജീവി കടിച്ച കടിവായിൽ പുരട്ടിയാൽ വേദനയും നീരും ശമിക്കും , കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നതും ഗുണകരമാണ് .

അലർജിക്ക്  മഞ്ഞളും കറിവേപ്പിലയും ചേർത്തരച്ചു ദിവസവും കഴിക്കുന്നത്‌ ഗുണകരമാണ് .

വയറു കടി , മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കറിവേപ്പില മോരിലരച്ചു സേവിക്കുന്നത് ഉത്തമം .

പുഴുക്കടി മാറാൻ കറിവേപ്പിലയും മഞ്ഞളും ചേർത്ത് അരച്ച് പുരട്ടിയാൽ മതി .

കറികളിൽ പതിവായി കറിവേപ്പില ചേര്ക്കുന്നത് നേത്ര ആരോഗ്യത്തിനു ഉത്തമം ആണ് .

കരിവേപ്പിലയിട്ടു എണ്ണ കാച്ചി തലയില തേക്കുന്നത് മുടി തഴച്ചു വളരാനും മുടിക്ക് കറുപ്പ് നിറം നല്കാനും ഗുണകരമാണ് .

വീട്ടില് നിർബന്ധമായും ഉണ്ടായിരിക്കേണ്ട സസ്യങ്ങളിൽ പ്രധാനി ആണ് കറി വേപ്പില .


ഫോട്ടോ കടപ്പാട് : വികി പീഡിയ 



2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

കഞ്ചാവ്

കഞ്ചാവ്


ശാസ്ത്ര നാമം : Cannabis sativa , Cannabis indica , Cannabis ruderalis ( മൂന്നു ഉപ വർഗങ്ങൾ കാണപ്പെടുന്നു )


പേരെടുത്ത ലഹരി വസ്തുവാണ് കഞ്ചാവ് . എന്നാൽ അതിനപ്പുറം നിരവധി ഔഷധ മൂല്യങ്ങളുള്ള ഒരു ചെടിയാണ് കഞ്ചാവ് . ഒന്നര മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ സസ്യം ഹിമാലയ പ്രാന്തങ്ങളിൽ സുലഭമാണ് .
  • രസം :തിക്തം
  • ഗുണം :ലഘു, തീക്ഷ്ണം, രൂക്ഷം
  • വീര്യം :ഉഷ്ണം
  • വിപാകം :കടു
ഇതിന്റെ സംസ്കൃത നാമം ഗഞ്ചിക  എന്നാണ് . പൌരാണിക ഗ്രന്ഥങ്ങളിൽ മാനസിക അസ്വാസ്ഥ്യങ്ങൾക്കു മരുന്നായി കഞ്ചാവ് ഉപയോഗിക്കുന്നതായി പറയുന്നുണ്ട് . ഹോമിയോപതിയിലും  ആയുർവേദത്തിലും കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നുണ്ട് .

മസ്തിഷ്കം ഉന്മത്തമാക്കുന്ന ഈ സസ്യം ലഖു മാത്രയിൽ നിദ്ര ജനിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയായ ഉപയോഗം ഓര്മ , മാനസിക ആവിഷ്കാരം തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്നു .

ഫോട്ടോ കടപ്പാട് : വികി പീഡിയ 


2013, ഏപ്രിൽ 17, ബുധനാഴ്‌ച

കറ്റാർ വാഴ

കറ്റാർ വാഴ 



ശാസ്ത്ര നാമം : Aloe vera

രസം :തിക്തം, മധുരം
ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം
വീര്യം :ശീതം
വിപാകം :കടു


പേരില് വാഴ ഉണ്ടെങ്കിലും വാഴയുമായി ഇതിനു ബന്ധമൊന്നുമില്ല . ആയൂർ വേദത്തിലും ഹോമിയോപ്പതി യിലും ഔഷധമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഇത് . ഇരുവശത്തും മുള്ളുകളോട് കൂടിയ ജലാംശം കൊണ്ട് വീർത്ത ഇലകളാണ് ഇതിനുള്ളത് . സൌന്ദര്യ വർധക ഉത്പന്നങ്ങളിലും പ്രധാന ചേരുവയാണ് കറ്റാർ വാഴ .

ഔഷധ ഗുണങ്ങൾ : കറ്റാർ വാഴ സ്ത്രീ രോഗങ്ങൾക്ക്  പ്രധാനമായി ഉപയോഗിക്കുന്നു . ഔഷധ യോഗ്യമായ ഭാഗം ഇതിന്റെ പോളയാണ് . കറ്റാർ വാഴയുടെ ഇലചാറ് ഉണക്കിയാണ്  ചെന്നി നായകം ഉണ്ടാക്കുന്നത്‌ . പ്ലീഹ - കരൾ രോഗങ്ങൾക്കും ഫലപ്രദമാണ് കറ്റാർ വാഴ

നാട്ടറിവുകൾ : കരൾ , പ്ലീഹാ രോഗങ്ങൾ , വയറു വേദനയോടെയുള്ള ആർത്തവം എന്നിവയ്ക്ക് കറ്റാർ വാഴ പോളയുടെ നീര് അഞ്ചു ഗ്രാം ദിവസം രണ്ടു നേരവും കഴിക്കുക .

കുഴി നഖം : കറ്റാർ വാഴയുടെ നീരിൽ പച്ചമഞ്ഞൾ ചേർത്തരച്ചു വെച്ച് കെട്ടുന്നത് കുഴി നഖം മാറാൻ സഹായിക്കും 

ഫോട്ടോ- കടപ്പാട്  വികി പീഡിയ

കസ്തൂരി മഞ്ഞൾ

കസ്തൂരി മഞ്ഞൾ 


ശാസ്ത്ര നാമം : Curcuma aromatica

രസം :തിക്തം, മധുരം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :മധുരം


മഞ്ഞളിന്റെ ഇലകളോട് സാമ്യമുള്ള ഈ സസ്യം സൌന്ദര്യ വർധക മരുന്നുകളിൽ ഉപയോഗിക്കുന്നു . കിഴങ്ങാണ്‌ ഔഷധ യോഗ്യമായ ഭാഗം . ഇതിന്റെ ഇലകൾ തിരുമ്മിയാൽ സുഗന്ധമുല്ലതാണ് . ത്വക്കിന് നിറം നല്കാൻ സഹായിക്കുന്നു . കർപ്പൂരത്തിന്റെ  മണമാണ് ഇതിന്റെ കിഴങ്ങിനു .

നാട്ടറിവുകൾ : ശുദ്ധമായ കസ്തൂരി മഞ്ഞൾ പൊടി  ശുദ്ധമായ പനിനീരിൽ ചേർത്തിളക്കി മുഖം നല്ല വണ്ണം കഴുകിയതിനു ശേഷം പുരട്ടുക . അര മണിക്കൂറിനു ശേഷം കഴുകിക്കളയുക . മുഖക്കുരു പോകുന്നതിനും മുഖ കാന്തി വർധിക്കാനും  ഇത് സഹായകമാണ് .
തേൾ വിഷത്തിനു കടിവായിൽ കസ്തൂരി മഞ്ഞൾ അരച്ചിടുക . 

(ഫോട്ടോ കടപ്പാട് : വിക്കി പീഡിയ )

ആര്യ വേപ്പ്

ആര്യ വേപ്പ് 




ശാസ്ത്ര നാമം : Azadirachta indica

മലയാളിക്ക്  പരിചിതമാണ് ഈ മരം. സംസ്കൃതത്തിൽ  നിംബാ , വേമ്പക , രമണം , നാഡിക എന്നീ പേരുകളിൽ വെപ്പ് അറിയപ്പെടുന്നു . വമ്പിച്ച   ഔഷധ    ഗുണവും , രുചിയിൽ      കയ്പ്പ് രസവുമുള്ള ഈ വൃക്ഷം ഏകദേശം പന്ത്രണ്ടു മീറ്ററോളം   ഉയരത്തിൽ വളരുന്നു .     സിദ്ധർ ഈ വൃക്ഷത്തെ പരാശക്തിയായി ആരാധിക്കുന്നു .

രസം :തിക്തം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :കടു

ഔഷധ ഗുണങ്ങൾ : വാതം , ത്വഗ് രോഗങ്ങൾ , കുഷ്ഠം , രക്ത ദൂഷ്യം , കഫ പിത്ത ദോഷം എന്നീ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു . ഇതിന്റെ തൊലി , ഇല, വിത്ത് , എണ്ണ എന്നിവ വിവിധ ചികിത്സകല്ക്ക് ഉപയോഗിക്കുന്നു .

നാട്ടറിവുകൾ : പ്രമേഹ രോഗികള്ക്ക് രക്തത്തിലെ പഞ്ചസാര കുറക്കാൻ വേപ്പില ഉപയോഗിക്കാം . വേപ്പില ഇട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നത്  ചർമ രോഗങ്ങൾ ശമിപ്പിക്കും . ഇല നീരിൽ അല്പം തേൻ  ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത്‌ ഉദര കുടൽ കൃമികൾ നശിക്കുന്നതിനു സഹായിക്കും .

പുരാതന കാലം മുതലേ പവിത്രമായ സ്ഥാനമാണ് വേപ്പിനുള്ളത് . വീട്ടു മുറ്റത്ത്‌ വെപ്പ് വളർത്തുന്നത് അന്തരീക്ഷ ശുദ്ധിക്കും നല്ലതാണത്രേ . വേപ്പിന്റെ വിത്തിൽ നിന്നും എണ്ണ ആട്ടിയെടുക്കുന്നു . വേപ്പിൻ പിണ്ണാക്ക് നല്ല വളവും കൂടാതെ ജൈവ കീട നാശിനിയും ആണ് .

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

അയ്യപ്പാന

അയ്യപ്പാന 



ശാസ്ത്രീയ നാമം : Eupatorium  ayapana

വിശല്യ കരണി , മൃത സഞ്ജീവനി , അജ പർണ്ണ , വിഷപ്പച്ച , ചുവന്ന കൈയോന്നി  എന്നിവയാണ് ഈ സസ്യത്തിന്റെ മറ്റു ചില പേരുകൾ . ഇതിന്റെ സാന്നിധ്യം പാമ്പുകളെ അകറ്റുന്നു എന്ന് പറയപ്പെടുന്നു . 


രസം: തിക്തം, കഷായം
ഗുണം: ലഘു, സ്നിഗ്ധം
വീര്യം: ഉഷ്ണം



ഔഷധ ഗുണങ്ങൾ :  സമൂലം ഉപയോഗിക്കുന്നു . ത്വഗ് രോഗങ്ങൾ , വായ്‌ പുണ്ണ് , മോഹാലസ്യം , മുറിവ് , രക്ത സ്രാവം എന്നിവയ്ക്ക് ഫലപ്രദമാണ് . രക്തം വരുന്ന മൂലക്കുരു , വിഷ ജന്തുക്കളുടെ കടി തുടങ്ങിയവയ്ക്ക് ഉത്തമമാണ് . ആയുധങ്ങളാൽ ഉണ്ടാകുന്ന മുറിവുണക്കാൻ ഇത് ഉത്തമം ആണെന്ന് പറയപ്പെടുന്നു . ( രാമായണത്തിൽ ശ്രീ ഹനുമാൻ കൊണ്ട് വരുന്ന ഔഷധങ്ങളുടെ കൂട്ടത്തിൽ വിശല്യകരനിയും  പ്രതിപാദിക്കുന്നുണ്ട് ). 

നാട്ടറിവ് : തേൾ , പഴുതാര , കടന്നൽ എന്നിവയുടെ ദംശനം ഏറ്റാൽ അയ്യപ്പാനയുടെ ഇല അരച്ചിടുക 

അശോകം

അശോകം



ശാസ്ത്ര നാമം :  Saraca asoka .

മറ്റു പേരുകൾ : അംഗുക , താമ്ര പല്ലവ , കേളിക , രക്ത പല്ലവ ( സംസ്കൃത നാമങ്ങൾ )

രസം :കഷായം, തിക്തം
ഗുണം :സ്നിഗ്ധം
വീര്യം :ശീതം
വിപാകം :കടു 

ശോകം ഇല്ലാതാക്കുന്നത് എന്നാണ് ഈ വാക്കിന്റെ അർഥം . മനോഹരമായ പുഷ്പങ്ങൾ ഉള്ള വൃക്ഷമാണ് ഇത് . ഹൈന്ദവരും ബുദ്ധ മതക്കാരും ഇതിനെ പുണ്യ വൃക്ഷമായി കരുതുന്നു . 

ഔഷധ ഗുണങ്ങൾ : ഗർഭാശയ ആർത്തവ ചികിത്സയിൽ ഇതിനു പ്രമുഖ സ്ഥാനമുണ്ട് . ഇതിന്റെ തൊലിക്കും പൂവിനും ഔഷധ ഗുണമുണ്ട് . വയറു വേദന , അർശസ്സ് , വ്രണം എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു . ശരീരത്തിന് നിറം പ്രദാനം ചെയ്യുന്നതും മല മൂത്രാദികളുടെ അമിത പ്രവര്ത്തനത്തെ തടയുന്നതുമാണ് . അശോക പൂവ് ഉണക്കി പൊടിച്ചു പാലിൽ കാച്ചി കുടിച്ചാൽ രക്ത ശുദ്ധി ഉണ്ടാകും . ഇതിന്റെ തോലിന് ഗര്ഭ പാത്രത്തെ ഉത്തേജിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട് . അതിനാൽ ആർത്തവ കാലത്തെ വേദനയിൽ നിന്ന് ശമനം ഉണ്ടാകാനും ഗര്ഭാശായ സംബന്ധമായ നിരവധി രോഗങ്ങള്ക്കും അശോകത്തിൽ നിന്ന് നിര്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു . 

അമൃത് ( ചിറ്റമൃത് )

 

 


ശാസ്ത്രീയ നാമം : Tylophora Cordifolia

രസം :തിക്തം, കടു

ഗുണം :ഉഷ്ണം, സ്നിഗ്ധം,ലഘു

വീര്യം :ഉഷ്ണം

വിപാകം :മധുരം 

നമ്മുടെ നാട്ടിൽ ഉഷ്ണമേഖലാ വനങ്ങളിലും നാട്ടിൻ പുറങ്ങളിലും നന്നായി വളരുന്ന ഒരു വള്ളിചെടിയാണ് അമൃത് . വൃക്ഷങ്ങളിൽ പടർന്നു കയറി വളരുന്ന വള്ളി ചെടി ആണിത് .

ചിറ്റമൃത് , കാട്ടമൃത് എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ ഉണ്ട് ഈ ചെടിക്ക് . ചിറ്റമൃത് ആണ് സാധാരണ ആയി ഔഷധ ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നത് .

ഔഷധ ഗുണങ്ങൾ : ജ്വര ചികിത്സയിൽ അതീവ പ്രാധാന്യമുള്ള സസ്യം . ജ്വര രോഗങ്ങൾക്ക് നല്കുന്ന അമൃതാരിഷ്ടത്തിലെ പ്രധാന ചേരുവ ആണ് ഈ സസ്യം . കൂടാതെ വൃക്ക രോഗം , രക്ത പിത്തം , വാത രക്തം , മഞ്ഞ പിത്തം , കുഷ്ഠം , ആമാശയ വ്രണം തുടങ്ങിയ അസുഖങ്ങളുടെ ചികിത്സയിലും ഈ ഔഷധി ഉപയോഗിക്കുന്നു 

ഈ ചെടിയെ ഉള്ള നാട്ടറിവുകളിൽ പ്രധാനം , ഷുഗർ മാറ്റാൻ ഉള്ള ഇതിന്റെ കഴിവിനെ പറ്റി ആണ് . ഒരു അന്ഗുലം വലുപ്പത്തിൽ ഈ വള്ളിയുടെ തണ്ട് എടുത്തു തോല് ചെത്തി മാറ്റിയതിനു ശേഷം ചതച്ചു ഒരു ഗ്ലാസ്‌ വെള്ളത്തില രാത്രി ഇട്ടു വെക്കുക . രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക . ഈ രീതി പ്രയോഗിച്ചു നിരവധി പേരില് ഷുഗർ അളവ് കുറയുക ഉണ്ടായിട്ടുണ്ടത്രെ . 

അമുക്കുരം ( അശ്വഗന്ധം )


അമുക്കുരം ( അശ്വഗന്ധം )


ശാസ്ത്ര നാമം : Withania somnifera

മറ്റു നാമങ്ങൾ : അശ്വഗന്ധ , വരാഹ കർണ്ണി ( സംസ്കൃതം ) , winter cherry (ഇംഗ്ലീഷ്)

രസായന വാജീകരണത്തിനും സപ്ത ധാതുക്കളെ പോഷിപ്പിക്കുന്നതിനും പ്രയോജനകരമായ സസ്യം . വേരാണ് ഔഷധമായി ഉപയോഗിക്കുന്നത് പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു.

രസം :തിക്തം, കഷായം

ഗുണം :സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :മധുരം


ഔഷധ മൂല്യം : ശരീര പുഷ്ടി , വാജീകരണം , ബല വർധനം , അംഗ ശോഷ ഹരം ( ശരീരാവയവങ്ങളുടെ ക്ഷീണം ഇല്ലാതാക്കുന്നു ).

ലൈംഗീക ശേഷി , ശരീര പുഷ്ടി , ശുക്ല വർധന , മുലപ്പാൽ വർധന എന്നിവയ്ക്ക് ഫലപ്രദം . ( ലൈംഗീക ശേഷി വീണ്ടെടുക്കാനും വർധിപ്പിക്കാനും അമുക്കിരം പാലിൽ പുഴുങ്ങി ഉണക്കി പൊടിച്ചു 10 mg വീതം കഴിക്കുന്നത്‌ നല്ലതാണ് . മുലപ്പാൽ വർധനക്കും ഇത് ഫലപ്രദമാണ് )

കൂടാതെ കുട്ടികളുടെ ശരീരവളർച്ചക്കുറവിന്‌ അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ചയുണ്ടാകും

അശ്വ ഗന്ധാദി ലേഹ്യം , അശ്വ ഗന്ധാദി ഘൃതം , അശ്വ ഗന്ധാരിഷ്ടം എന്നിവ ഈ ഔഷധ സസ്യം പ്രധാന ചെരുവയായ ചില ഔഷധങ്ങൾ ആണ് .

അകത്തി ( അഗസ്തി )


അകത്തി ( അഗസ്തി )


ശാസ്ത്ര നാമം : സെസ്ബാനിയ ഗ്രാണ്ടി ഫ്ലോര ( Sesbania grandiflora Pers)

അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളിൽ അറിയപ്പെടുന്നു.ഇതിനു തിക്ത രസവും ശീത വീര്യവും ആണ് 

ഔഷധ ഗുണങ്ങൾ : അകത്തിയുടെ മരത്തൊലിയിൽ ടാനിൻ, രക്തവർണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയിൽ മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങൾഎന്നിവയും പുഷ്പങ്ങളിൽ ബി, സി, ജീവകങ്ങൾ എന്നിവയും വിത്തിൽ മാംസ്യം, കൊഴുപ്പ്,അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു.


തൊലി, ഇല, പുഷ്പം, ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം.

പത്തു മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലയും പൂവും ഇലക്കറി ആയി ഉപയോഗിക്കുന്നു .. അകതിചീര എന്നും ഇത് അറിയപ്പെടുന്നു . പൂവിന്റെ നിറത്തെ അടിസ്ഥാനമാക്കി വെള്ള , ചുകപ്പു എന്നിങ്ങനെ അകത്തിയെ രണ്ടാക്കി തിരിക്കാം . വൃക്ഷത്തിന്റെ എല്ലാ ഭാഗവും ഔഷധ യോഗ്യമാണ് . വിത്ത് മുളപ്പിച്ചും കൊമ്പ് നട്ടും അകത്തി വളർത്തിയെടുക്കാം . 

അകത്തിയില ഉപ്പു ചേര്‍ക്കാതെ തോരനാക്കിയോ നെയ്യില്‍ വറുത്തോ കഴിക്കുന്നത് ജീവകം എ യുടെ കുറവുകൊണ്ടുള്ള നേത്രരോഗങ്ങള്‍ ശമിപ്പിക്കും. എല്ലുകളുടെ വളര്‍ച്ചയ്ക്ക് കുട്ടികള്‍ക്ക് നല്കാവുന്ന ഒന്നാന്തരം ഇലക്കറിയാണ് അകത്തി.