2013, ഏപ്രിൽ 16, ചൊവ്വാഴ്ച

അകത്തി ( അഗസ്തി )


അകത്തി ( അഗസ്തി )


ശാസ്ത്ര നാമം : സെസ്ബാനിയ ഗ്രാണ്ടി ഫ്ലോര ( Sesbania grandiflora Pers)

അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളിൽ അറിയപ്പെടുന്നു.ഇതിനു തിക്ത രസവും ശീത വീര്യവും ആണ് 

ഔഷധ ഗുണങ്ങൾ : അകത്തിയുടെ മരത്തൊലിയിൽ ടാനിൻ, രക്തവർണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയിൽ മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങൾഎന്നിവയും പുഷ്പങ്ങളിൽ ബി, സി, ജീവകങ്ങൾ എന്നിവയും വിത്തിൽ മാംസ്യം, കൊഴുപ്പ്,അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു.


തൊലി, ഇല, പുഷ്പം, ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം.

പത്തു മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലയും പൂവും ഇലക്കറി ആയി ഉപയോഗിക്കുന്നു .. അകതിചീര എന്നും ഇത് അറിയപ്പെടുന്നു . പൂവിന്റെ നിറത്തെ അടിസ്ഥാനമാക്കി വെള്ള , ചുകപ്പു എന്നിങ്ങനെ അകത്തിയെ രണ്ടാക്കി തിരിക്കാം . വൃക്ഷത്തിന്റെ എല്ലാ ഭാഗവും ഔഷധ യോഗ്യമാണ് . വിത്ത് മുളപ്പിച്ചും കൊമ്പ് നട്ടും അകത്തി വളർത്തിയെടുക്കാം . 

അകത്തിയില ഉപ്പു ചേര്‍ക്കാതെ തോരനാക്കിയോ നെയ്യില്‍ വറുത്തോ കഴിക്കുന്നത് ജീവകം എ യുടെ കുറവുകൊണ്ടുള്ള നേത്രരോഗങ്ങള്‍ ശമിപ്പിക്കും. എല്ലുകളുടെ വളര്‍ച്ചയ്ക്ക് കുട്ടികള്‍ക്ക് നല്കാവുന്ന ഒന്നാന്തരം ഇലക്കറിയാണ് അകത്തി.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ